• Breaking News

    ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ദീപിക പദുകോണിന്റെ ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചുള്ള വീഡിയോ ഉപേക്ഷിച്ച് കേന്ദ്രം

    Deepika Padukone declares solidarity with JNU,www.thekeralatimes.com


    ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്ത് വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ നടി ദീപിക പദുകോണിന്റെ ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചുള്ള വീഡിയോ ഉപേക്ഷിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം. സ്‌കില്‍ ഇന്ത്യയുടെ ഭാഗമായി ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന വീഡിയോയാണ് കേന്ദ്രം ഉപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോ സംബന്ധിച്ച് ദീപികയുമായി ഔദ്യോഗിക കരാര്‍ ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അത്തരം കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമെടുക്കുന്നത് ദേശീയ നൈപുണ്യ വികസന അതോറിറ്റിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

    ആസിഡ് ആക്രമണത്തില്‍ ഇരയായവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യ പദ്ധതിയെ കുറിച്ചും ദീപിക പദുകോണ്‍ സംസാരിക്കുന്നതാണ് പ്രൊമോഷന്‍ വീഡിയോ. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്.

    ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് ഛപാക്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് പ്രൊമോഷണല്‍ വീഡിയോ തയ്യാറാക്കിയത്.നൈപുണ്യ വികസന മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മീഡിയ ഹൗസുകള്‍ തങ്ങളെ ബന്ധപ്പെടാറുണ്ട്. ചിത്രത്തിന്റെ വിഷയം പ്രോത്സാഹിപ്പിക്കുന്നതിനായി ഛപാക്കിന്റെ പ്രൊഡക്ഷന്‍ ടീം മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതോടനുബന്ധിച്ച് വീഡിയോ വിലയിരുത്തുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രതികരിച്ചു.