• Breaking News

    കശ്മീര്‍ വിഷയം, പൗരത്വ നിയമം വിഷയങ്ങളില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യയ്ക്ക് വന്‍ തിരിച്ചടി

    The Kashmir issue, Malaysia criticizes India on citizenship issues,www.thekeralatimes.com


    ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച മലേഷ്യയ്ക്ക് വന്‍ തിരിച്ചടി. സംസ്‌കരിച്ച പാമോയിലിന് ഇന്ത്യ ഇറക്കുമതിനിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ മലേഷ്യയ്ക്ക് തിരിച്ചടിയായിരിയ്ക്കുന്നത്. . കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പാമോയില്‍ ഉത്പാദകരാജ്യമായ മലേഷ്യയെ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്നാണു സൂചന.

    ജമ്മുകശ്മീര്‍, പൗരത്വനിയമം എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടുകളെ വിമര്‍ശിച്ച മലേഷ്യക്കുള്ള മറുപടിയാണ് തീരുമാനമെന്ന വ്യാഖ്യാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചുള്ള തീരുമാനമല്ല, പൊതുനയമാണ് കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

    നിലവില്‍, സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവുപ്രകാരം നിയന്ത്രിതവിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.

    ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതിചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്ന് മലേഷ്യയാണ്. തീരുമാനം മലേഷ്യക്കു കനത്ത തിരിച്ചടിയാണ്. ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചപ്പോള്‍, ഇന്ത്യ കശ്മീരിനെ കൈയടക്കിയെന്നും കീഴ്പ്പെടുത്തിയെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിമര്‍ശിച്ചത്. പൗരത്വനിയമം ഇന്ത്യയുടെ മതേതരസ്വഭാവം തകര്‍ത്തെന്നും ആരോപിച്ചിരുന്നു.