• Breaking News

    നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണം, ആരും വിതുമ്പണ്ട: ജി സുധാകരൻ

    Whatever is produced illegally should be demolished,www.thekeralatimes.com


    റാന്നി: തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. മരടിലെ ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വാര്‍ത്ത ചിലര്‍ അവതരിപ്പിച്ചത് വിതുമ്പുന്ന പോലെയാണ്.

    എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ശബരിമല തിരുവാഭരണ പാതയിലെ പേരൂച്ചാല്‍ പാലത്തിന്റെ ഉദ്ഘാടനവും വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

    30 വര്‍ഷം തകരാര്‍ വരാത്തനിലയില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള വൈറ്റ് റ്റോപ് റോഡുകള്‍ നിര്‍‌മിക്കുന്നതിന് ഒരു കിലോമീറ്ററിന് ഒന്നരക്കോടിയോളം രൂപ ചെലവു വരും. 70 പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു.

    ജോലികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കരാറുകാര്‍ ഈ സര്‍ക്കാരിനെ വെല്ലുവിളിക്കേണ്ട. ദുര്‍ബലരായ അവര്‍ക്ക് അതിന് കഴിയില്ല. വേണ്ടിവന്നാല്‍ ലൈസന്‍സ് റദ്ദാക്കും. സമയബന്ധിതമായി കരാര്‍ നല്‍കാന്‍ കഴിയാതെ വരുന്നത് ഉദ്യോഗസ്ഥരുടെ കുറ്റമാണ്. കരാറില്ലെങ്കില്‍ ജോലിയുമില്ല. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജു ഏബ്രഹാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു.