• Breaking News

    സൗരോര്‍ജ പദ്ധതി വിജയം; വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇനി കോഴിക്കോടിന്

    Solar project success; Kozhikode has become the first district panchayat in the country to become self sufficient in electricity,www.thekeralatimes.com


    കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച സൗരോര്‍ജ പദ്ധതി വിജയം കണ്ടു. സൗരോര്‍ജ പദ്ധതിയിലൂടെ വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇതോടെ ഇനി കോഴിക്കോടിന് സ്വന്തം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

    ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കും. 43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുമായി സ്ഥാപിച്ച സോളാര്‍ സംവിധാനത്തില്‍ നിന്ന് 480 കിലോ വാട്ട് വൈദ്യുതിയാണ് സൗരോര്‍ജ പദ്ധതിയിലൂടെ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.

    പദ്ധതി നിര്‍വഹണത്തിന് മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നത്. വൈദ്യുതി ചാര്‍ജ് കഴിഞ്ഞ്, ഉത്പാദിപ്പിച്ച വൈദ്യുതി ഇനത്തില്‍ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കുന്നതാണ് പദ്ധതി. വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉത്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എ പ്രദീപ് കുമാര്‍ എംഎല്‍എ മുഖ്യാതിഥിയായി.