‘രണ്ട് കുട്ടികളില്‍ കൂടുതലുളളവരുടെ വോട്ടവകാശം എടുത്തുകളയണം, മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുത്’; വിദ്വേഷ പരാമര്‍ശവുമായി ബാബാ രാംദേവ്
പൗരത്വ രജിസ്റ്ററിനും പൗരത്വ പട്ടികയ്ക്കും എതിരായ സമരങ്ങള്‍ നടക്കവെ വിദ്വേഷ പ്രസ്താവനയുമായി ബാബ രാംദേവ് രംഗത്ത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാംദേവ് പറഞ്ഞു. ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു നിയമം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
രണ്ട് കുട്ടികളില്‍ കൂടുതലുളളവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കരുതെന്നും രാംദേവ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജെഎന്‍യുവിലെ പ്രതിഷേധങ്ങളെയും രാംദേവ് പരിഹസിച്ചു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ജെഎന്‍യുവിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് രാംദേവ് പറഞ്ഞത്.