ഭാര്യ ഗർഭിണി, സംശയത്തിന്റ പേരിൽ നിരന്തരം വഴക്ക്, ഒടുവിൽ മൂന്ന് വയസുകാരനായ മകന്റെ മുന്നിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം നെയ്യാറ്റിൻകരയിലെ കാഞ്ഞിരംകുളത്ത്
നെയ്യാറ്റിൻകര: കാഞ്ഞിരംകുളത്ത് സംശയത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് മൂന്ന് വയസുകാരനായ മകന്റെ മുന്നിൽ വച്ച് കഴുത്ത് ഞെരിച്ച്കൊലപ്പെടുത്തി. കൊലപാതകം നടത്തിയശേഷം സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ച യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാഞ്ഞിരംകുളം പുല്ലുവിള പണ്ടകശാലയിൽ ഷൈനി (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് നിധീഷ് (33)നെ കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവർ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംകുളം ചാവടിയിൽ കല്ലു തട്ടുവിള നിഷാനിവാസിൽ അജികുമാറിന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് ശേഷം രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അതിന് ശേഷം വിദേശത്തായിരുന്ന നിധീഷ് മൂന്ന് മാസം മുൻപാണ് നാട്ടിൽ എത്തിയത്. ഇതിനിടയിൽ ഷൈനി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഇതേചൊല്ലി ഇന്നലെ ഉച്ചക്കും ഇരുവരും തമ്മിൽ വഴക്ക് കൂടിയിരുന്നു. വീട്ടിൽ നിന്ന് നിലവിളി ഉയർന്നതായും പിന്നീട് നിലച്ചതായും നാട്ടുകാർ കാഞ്ഞിരംകുളം പോലീസിനോട് പറഞ്ഞു. കൊലക്ക് ശേഷം വീടിനുള്ളിൽ ആരേയും പ്രവേശിപ്പിക്കാതെ നിധീഷ് കാവൽനിൽക്കുകയായിരുന്നു. വിവരമറിഞ്ഞെത്തി വീടിനുള്ളിൽ കയറിയ പോലീസാണ് യുവതിയുടെ കാലുകൾ രണ്ടും തുണികൊണ്ട് കൂട്ടികട്ടി വായിൽ തുണി തിരുകിയ മൃതദേഹം തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആക്രമണവും കൊലയുമെല്ലാം മൂന്ന് വയസുകാരൻ കെവിന്റെ മുന്നിൽ വച്ചായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം കണ്ട് പേടിച്ച് നിലവിളിച്ച കുട്ടിയെ പോലീസ് സമാധാനപ്പെടുത്തി. യുവതിയെ കൊലപ്പെടുത്തിയതറിഞ്ഞെത്തിയ ബന്ധുക്കൾ പ്രതിയെ കൈകാര്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആർ. ഡി. ഒ. യുടെ മേൽനോട്ടത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

