• Breaking News

    പൊലീസ് കേസ് അന്വേഷിക്കുന്ന് എ.ബി.വി.പിയ്ക്ക് വേണ്ടി; കേസുകള്‍ കെട്ടിച്ചമയ്ക്കുന്നു, ഒത്തുകളിയെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍

    ABVP looking for police case; Cases framed, fixes JNU student union,www.thekeralatimes.com


    ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തി അക്രമം നടത്തിയവരെ പിടികൂടാത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥിയൂണിയന്‍ രംഗത്ത്. എബിവിപിക്കാര്‍ക്ക് വേണ്ടിയാണ് കേസ് അന്വേഷിക്കുന്നത് എന്നതു പോലെയായിരുന്നു ദില്ലി പൊലീസിന്റെ വാര്‍ത്താസമ്മേളനമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു.

    ഇതു വരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താത്ത പൊലീസിന്റേത് എ.ബി.വി.പിയുടെ ഭാഷയാണ് എന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. കേസുകള്‍ കെട്ടിച്ചമച്ചും അവഗണിച്ചും സമരത്തെ ഇല്ലാതാക്കാനാകില്ലന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

    അക്രമവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയാണ് നടന്നതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷ് പറഞ്ഞു. ഹോസ്റ്റലിലുള്ളവരുടെ അവസ്ഥ നോക്കാനാണ് താനുള്‍പ്പെടെയുള്ളവര്‍ ഹോസ്റ്റലില്‍ പോയത്. ആ സമയത്ത് സെക്യൂരിറ്റി ജീവനക്കാരോ പൊലീസോ അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ഗുണ്ടകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണ്.

    പൊലിസും എബിവിപിയും സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേഷനും ഒത്തു കളിച്ചു. അഞ്ചാം തീയതി സെര്‍വര്‍ ഡൗണായിരുന്നു എന്ന് പറയുന്നത് കള്ളമാണ്. ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നും ഐഷി പറഞ്ഞു. പഴയ ഫീസ് ഘടന വച്ച് സെമസ്റ്റര്‍ രജിസ്‌ട്രേഷന് തയ്യാറാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു.

    അതെ സമയം ക്യാമ്പസില്‍ അക്രമം നടത്തിയ 37 പേരെ തിരിച്ചറിഞ്ഞെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം നടന്ന് ആറു ദിവസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ രൂക്ഷമായി കേന്ദ്രസര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്ത് വന്നത്.