ജെ.എന്‍.യു: കേന്ദ്രം ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും
ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഇന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. ഉച്ചയോടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങളുമായും മന്ത്രാലയം കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായ അടിസ്ഥാന പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അതിന് ശേഷം മാത്രമേ ആരെയെങ്കിലും മാറ്റേണ്ടതുണ്ടോ എന്നതിനെ കുറിച്ച് പരിശോധിക്കുകയുള്ളു എന്നായിരുന്നു വിസിയെ മാറ്റുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമിത് ഖരേ നല്‍കിയ മറുപടി.
മാനവവിഭവശേഷി മന്ത്രാലയവും വിദ്യാര്‍ത്ഥി യൂണിയനും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. പിന്നാലെ രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് തടഞ്ഞ പോലീസ് പെണ്‍കുട്ടികളെയടക്കം പൊലീസ് മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രാലയം വീണ്ടും ചര്‍ച്ചകളുമായി രംഗത്തെത്തുന്നത്. വി.സിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ എന്നതും ചര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നത്.
അതേ സമയം, നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കാനിടയായ ജനുവരി അഞ്ചിന് ക്യാമ്പസില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നതുംപ്രതിഷേധവും വ്യാപകമാകുന്നുണ്ട്. സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് സിപിഎം നിലപാട്.

