ഗാനഗന്ധര്‍വന് ഇന്ന് 80-ാം പിറന്നാള്‍ : പിറന്നാള്‍ ദിനത്തില്‍ യേശുദാസ് ചെലവഴിയ്ക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍
കൊല്ലൂര്‍: ഗാനഗന്ധര്‍വന് ഇന്ന് 80-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍, കുടുംബ സമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് യേസുദാസ് ചിലവഴിക്കുന്നത്. ക്ഷേത്രത്തില്‍ യേശുദാസ് ഇന്ന് ഗാനാര്‍ച്ചന നടത്തും. ഏഴ് പതിറ്റാണ്ടിലേറെയായി മലയാളി ഈ ശബ്ദം കേള്‍ക്കുന്നു. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ഗാനാലാപനം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛന്‍ തന്നെ. എട്ടാം വയസ്സില്‍ പ്രാദേശിക സംഗീത മത്സരത്തില്‍ നേടിയ സ്വര്‍ണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്റെ അടയാളനക്ഷത്രമായി.
തുടര്‍ന്ന്, കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റയും പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ല്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ എത്തിയത് വഴിത്തിരിവായി. പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ വഴി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്റെ സംഗീതത്തില്‍ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് സിനിമാ സംഗീത ലോകത്തേക്ക് കടക്കുന്നത്
വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ജി.ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം എസ് ബാബുരാജ് ശ്രീകുമാരന്‍ തമ്പി, എം കെ അര്‍ജ്ജുനന്‍ എന്നിങ്ങനെ മഹാന്‍മാരുടെയൊപ്പം കൂടിയപ്പോള്‍ മലയാള സിനാമ ഗാനാലാപനത്തില്‍ ഒരു ചരിത്രം തന്നെ രചിച്ചു. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സര്‍ഗ്ഗസംഗീതം പടര്‍ന്നുപന്തലിച്ചു.

