ഫൊറന്‍സിക് ലാബുകള്‍ സജ്ജമാക്കണം; പീഡന കേസുകളിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: പീഡന കേസുകളിലെ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി. ഫൊറന്‍സിക് ലാബുകള്‍ സജ്ജമല്ലെങ്കില്‍ പീഡന കേസുകളിലെ പ്രതികള്‍ രക്ഷപ്പെട്ടു പോകുമെന്ന് കോടതി പറഞ്ഞു. അതിന് ഇടവരരുത്. സുപ്രീം കോടതി വ്യാഴാഴ്ച്ച കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന കേസുകളെ മുന്‍നിര്‍ത്തിയാണ് കോടതി നടപടി എടുത്തത്.
പീഡന കേസുകളില്‍ വേണ്ട സമയത്തുതന്നെ പരിശോധന നടത്താന്‍ ഫൊറന്‍സിക് ലാബുകള്‍ സജ്ജമല്ലാത്ത സ്ഥിതി കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്ന അമ്പരപ്പിക്കുന്ന സ്ഥിതിയാണ് ഉള്ളതെന്ന് കോടതി പറഞ്ഞു.
രാജ്യത്തുടനീളം ഫൊറന്‍സിക് ലാബുകള്‍ സജ്ജമാക്കാന്‍ കോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉത്തരവ് നല്‍കി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിക്കു നല്‍കണം. ഒരു ജില്ലയില്‍ മൂവായിരത്തില്‍ കൂടുതല്‍ പീഡന കേസുകള്‍ ഉണ്ടെങ്കില്‍ ഒരു അഡീഷണല്‍ കോടതി കൂടി വേണം. പ്രത്യേക പരിശീലനം നേടിയ പ്രോസിക്യൂട്ടര്‍മാര്‍ വേണം. പരിശീലനത്തിന് ജുഡീഷ്യല്‍ അക്കാദമികള്‍ മുന്‍കൈ എടുക്കണം. ബോധവല്‍ക്കരണ പരിപാടികളും നടത്തണമെന്നും കോടതി ഉത്തരവിട്ടു.

