‘മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ്’; ബി.ജെ.പി, എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം
മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും എം.എല്‍.എയുമായ എംപി രേണുകാചാര്യ. പൗരത്വ നിയമ ഭേദഗതിയ്ക്ക് അനുകൂലമായി കര്‍ണാടകയിലെ ദേവനഗരിയില്‍ സംഘടിപ്പിച്ച റാലിയിലാണ് എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം.
‘മസ്ജിദുകളിലിരുന്ന് ഫത്വ പുറപ്പെടുവിക്കുന്ന ചില രാജ്യദ്രോഹികളുണ്ട്. അവര്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ്. ഇതിനാണോ നിങ്ങള്‍ക്ക് പള്ളികള്‍ ആവശ്യമുള്ളത്?’, രേണുകാചാര്യ പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന പണം ഹിന്ദുക്കള്‍ക്ക് കൊടുക്കാന്‍ മടിക്കില്ലെന്നും ബിജെപി നേതാവ് ഭീഷണി മുഴക്കി.
തന്റെ മണ്ഡലത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന പണം ഹിന്ദുക്കള്‍ക്ക് വേണ്ടി ഉപയോഗിക്കും. മുസ്ലിങ്ങളെ അര്‍ഹിക്കുന്നിടത്താക്കും. എന്താണ് രാഷ്ട്രീയമെന്ന് കാണിച്ച് കൊടുക്കുമെന്നും രേണുകാചാര്യ പറഞ്ഞു.

