മലയാളി വിനോദസഞ്ചാരികളുടെ മരണം; നേപ്പാൾ പൊലീസിന്റെ സഹായം തേടി
നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് നേപ്പാൾ പൊലീസ് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേപ്പാൾ പൊലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ടത്.
പോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പൊലീസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് എട്ട് മലയാളികൾ മരിച്ചുവെന്ന ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ തണുപ്പകറ്റാൻ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചതാണ് അപകട കാരണം. ഹീറ്ററിൽ നിന്ന് പുറത്ത് വന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം.
തിരുവന്തപുരം ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ സ്വദേശിയായ പ്രവീൺ കുമാർ നായർ (39),ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (9), അഭിനവ് സൂര്യ (9) എന്നിവരും കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന രഞ്ജിത് കുമാർ ടിബി (39), ഭാര്യ ഇന്ദു രഞ്ജിത് (34), മക്കളായ അഭി നായർ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരുമാണ് മരിച്ചത്. പ്രവീണിന്റെ മൂന്ന് മക്കളിലൊരാൾ മറ്റൊരു മുറിയിലായതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പ്രവീണും രഞ്ജിതും എഞ്ചിനീയർമാരാണ്.
ഇന്നലെ രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്. ഇതിൽ ഒരു മുറിയുടെ രണ്ട് ഭാഗങ്ങളിൽ താമസിച്ചവർക്കാണ് ഇത്തരത്തിലൊരു ദുരന്തം. വാതിലുകളും ജനലുകളും അടച്ചിട്ട നിലയിലായിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ എത്ര വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അബോധാവസ്ഥയിൽ പുലർച്ചെ ഇവരെ ബന്ധുക്കളും ജീവനക്കാരും കണ്ടെത്തി. പിന്നീട് വായുമാർഗം കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാല് പേരെ രാവിലെ 10.48നും മറ്റുള്ളവരെ 11.30നുമാണെത്തിച്ചത്. ആശുപത്രിയിലെത്തും മുൻപ് തന്നെ ഇവർ മരിച്ചിരുന്നതായി അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

