രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി; അഞ്ചുദിവസമായി പ്രത്യേകം മുറികളില്‍ കഴിയുന്ന മലയാളി നഴ്‌സുമാർ പറയുന്നു
കോട്ടയം: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ ചികിത്സിച്ച മലയാളി നഴ്സുമാർ അഞ്ച് ദിവസമായി പ്രത്യേകം മുറികളിലാണ് കഴിയുന്നത്. നിരീക്ഷണത്തില്‍ പ്രത്യേകം മുറികളില്‍ താമസിക്കുന്നതിനാല്‍ അധികാരികള്‍ തരുന്ന ആഹാരംതന്നെ കഴിക്കണം. രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ് ഇവർ പറയുന്നത്. മുന്‍കരുതലായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണില്‍ ബന്ധപ്പെട്ട ആന്റോ ആന്റണി എം.പി. പറഞ്ഞു.അതേസമയം ഇവര്‍ക്ക് കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എംബസി ഇടപെട്ട് ക്രമീകരണം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
രോഗിയെ ചികിത്സിച്ച 10 നഴ്സുമാരില്‍ എട്ടുപേരും മലയാളികളാണ്. പരിശോധനകളില്‍ ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സ് ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയില്‍ ചികിത്സയിലാണ്. അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ 100 ജീവനക്കാരെങ്കിലും മലയാളികളാണെന്നാണ് റിപ്പോർട്ട്.