• Breaking News

    മരടില്‍ ജെയ്ന്‍ കോറല്‍കോവും നിലം പൊത്തി; സ്‌ഫോടനം നടന്നത് 11.03ന്

    Jain Koralkov's flat also fell,www.thekeralatimes.com


    തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ 11.03നാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ കോറല്‍ കോവ് സ്ഫോടനത്തിലൂടെ തകര്‍ത്തത്. ഏറ്റവും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചതും ഈ ഫ്ലാറ്റിലായിരുന്നു. എച്ച്.ടു.ഒ ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനിയാണ് ഈ ഫ്ലാറ്റും പൊളിച്ചത്.

    രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങി. 10.55ന് രണ്ടാമത്തെ സൈറണും. 11 മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെയാണ് ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടനം നടന്നത്.

    ഇനി ഗോൾഡൻ കായലോരം ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ളത്. ഉച്ചക്ക് രണ്ടിനാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നത്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം.