മുഖ്യമന്ത്രിക്ക് കൈ കൊടുത്ത് ആലിക്കുട്ടി മുസ്ലിയാര്‍; ലീഗ് നിര്‍ദ്ദേശം കാറ്റില്‍ പറത്തി സമസ്ത
പൗരത്വബില്ലിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന റാലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞ ലീഗ് നിര്‍ദ്ദേശം കാറ്റില്‍ പറത്തി സമസ്ത. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ സംഘടനയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് മുസ്ലിം ലീഗ് സമസ്തയോട് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ സമസ്തയുടെ മുതിര്‍ന്ന നേതാവ് ആലിക്കുട്ടി മുസ്ല്യാര്‍ സംഘടനയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടെത്തുകയായിരുന്നു. സമസ്തയുടെ പ്രവര്‍ത്തകരും സമ്മേളനത്തിനെത്തി.
ആര്‍.എസ്.എസിന്റെ ഉള്ളിലിരിക്കുന്നത് നടപ്പാക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മനസിലാക്കണമെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജനസംഖ്യാ റജിസ്റ്റര്‍ ചതിക്കുഴിയാണ്. ജനസംഖ്യാ റജിസ്റ്റര്‍ തയാറാക്കിയാലെ പൗരത്വ റജിസ്റ്റര്‍ തയാറാക്കാന്‍ കഴിയൂ. സെന്‍സസും ജനസംഖ്യറജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് എന്‍.ആര്‍.സി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.