ഇറാഖിലെ യു.എസ് സൈനികത്താവളത്തിന് നേരേ വീണ്ടും മിസൈല്‍ ആക്രമണം; ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഗള്‍ഫിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കി.
വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്നാണ് വിവരം. എന്നാല്‍ ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എഫ്- 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന അല്‍ ബലദില്‍ നിന്ന് ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഭൂരിഭാഗം സൈനികര്‍ക്കൊപ്പം വിമാനങ്ങളും മാറ്റിയിരുന്നു. യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ആരംഭിച്ചതേയുള്ളൂവെന്ന് ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ അമേരിക്കക്ക് വലിയ വെല്ലുവിളിയായി.
ഇറാന്‍ ഗുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.
ഇര്‍ബില്‍, അല്‍ അസദ് സൈനികത്താവളങ്ങള്‍ക്ക് നേരേ നടത്തിയ മിസൈലാക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്റെ അവകാശവാദം. എന്നാല്‍ അമേരിക്ക ഇത് നിഷേധിച്ചു. ഇതിനുപിന്നാലെയാണ് ഇറാഖിലെ മറ്റൊരു യുഎസ് സൈനികത്താവളത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.