• Breaking News

    ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ നരേന്ദ്രമോദി ഭിന്നിപ്പുണ്ടാക്കുന്നു’: ദി ഇക്കണോമിസ്റ്റ്

    'Narendra Modi divides world's biggest democracy',www.thekeralatimes.com


    ഭേദഗതി വരുത്തിയ പുതിയ പൗരത്വ നിയമത്തിന്റെയും (സി‌.എ‌.എ) ദേശീയ പൗരത്വ പട്ടികയുടെയും (എൻ‌ആർ‌സി) പശ്ചാത്തലത്തിൽ നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച്‌ അന്തരാഷ്ട്ര മാസികയായ ദി ഇക്കണോമിസ്റ്റിൽ ലേഖനം. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഇന്ത്യയുടെ പ്രചോദനാത്മക ആശയത്തെ പൗരത്വ നിയമം അപകടത്തിലാക്കുന്നു” എന്ന് ലേഖനത്തിൽ പറയുന്നു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ഈ ആഴ്ച തുടക്കത്തിൽ ജനാധിപത്യ സൂചികയിൽ ഇന്ത്യയെ 10 സ്ഥാനങ്ങൾ തരം താഴ്ത്തിയിരുന്നു.

    ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിൽ നരേന്ദ്ര മോദി ഭിന്നിപ്പുണ്ടാക്കുന്നു’ എന്നാണ് ഇക്കണോമിസ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കവർ സ്റ്റോറിയുടെ തലക്കെട്ട്‌. പ്രധാനമന്ത്രി ഒരു ഹിന്ദു രാഷ്ട്രം പണിയുമെന്ന് ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിമുകൾ ഭയപ്പെടുന്നു എന്ന് അതിൽ പറയുന്നു.

    എൺപതുകളിൽ രാമക്ഷേത്രത്തിനായുള്ള പ്രസ്ഥാനത്തിനൊപ്പം ബിജെപിയുടെ ഉയർച്ച രേഖപ്പെടുത്തി കൊണ്ട് ലേഖനം വാദിക്കുന്നത്, “മതത്തിനും ദേശീയ സ്വത്വത്തിനും ഇടയിൽ ഭിന്നത സൃഷ്ടിക്കുന്നതിലൂടെ മോദിയും ബിജെപിയും രാഷ്ട്രീയമായി നേട്ടമുണ്ടാകാൻ സാദ്ധ്യതയുണ്ട്” എന്നാണ്.

    “വിദേശ കുടിയേറ്റക്കാരെ വേട്ടയാടുന്നതിന്റെ ഭാഗമായി യഥാർത്ഥ ഇന്ത്യക്കാരുടെ പട്ടിക സമാഹരിക്കാനുള്ള പദ്ധതി രാജ്യത്തെ 1.3 ബില്യൺ ആളുകളെയും ബാധിക്കുന്നു. പട്ടിക സമാഹരിക്കുകയും തിരുത്തുകയും പരിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കു വർഷങ്ങൾ എടുക്കുകയും അത്രയും നാൾ വികാരങ്ങളെ വീണ്ടും വീണ്ടും അത് പ്രകോപിപ്പിക്കും” ലേഖനം പറയുന്നു.

    കഴിഞ്ഞ വർഷം ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തകർച്ചയിലായ സമ്പദ്‌വ്യവസ്ഥ പോലുള്ള വിഷമകരമായ വിഷയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങൾ ശ്രദ്ധ തിരിക്കുന്നു, ലേഖനത്തിൽ പറയുന്നു.