‘നാടോടിക്കാറ്റിലെ ആ രഹസ്യം ഇന്നുവരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല’
മലയാളിക്ക് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു നാടോടിക്കാറ്റ്. സാധാരണക്കാരയ ദാസന്റെയും വിജയന്റെയും ജീവിതം രസകരമായി സത്യന്‍ അന്തിക്കാട് വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ തിരക്കഥ എഴുതിയത് ശ്രീനിവാസനായിരുന്നു. ചിത്രം പുറത്തിറങ്ങി 33 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെ പറ്റിപ്പിനെ കുറിച്ച്് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.
‘താരങ്ങളുടെ ഡേറ്റ് പ്രശ്‌നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ എടുത്ത സീന്‍ എഡിറ്റ് ചെയ്ത് ഡബ് ചെയ്ത് ഫിനിഷ് ചെയ്ത് വെച്ചു. തിലകന്‍ചേട്ടന്റെ ഡേറ്റ് പ്രശ്‌നം കാരണം ക്‌ളൈമാക്‌സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിനിടയില്‍ ചാലക്കുടിവെച്ച് തിലകന്‍ചേട്ടന്റെ കാര്‍ ആക്‌സിഡന്റായി, ഡോക്ടര്‍ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാന്‍ പൊട്ടിയ മട്ടായി. പിന്നീട് തിലകന്‍ ചേട്ടനില്ലാതെ ക്‌ളൈമാക്‌സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം.’
‘പവനായിയെ കൊണ്ടുവരാന്‍ അനന്തന്‍ നമ്പ്യാര്‍ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്‌ളൈമാക്‌സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാന്‍ തിലകന്‍ചേട്ടന് വരാന്‍ പറ്റില്ല. ഒടുവില്‍ അനന്തന്‍ നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനല്‍ ഡയലോഗ് പറയിച്ചു. ”ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ…” അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകള്‍ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്‌ളൈമാക്‌സില്‍ അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ തിലകന്‍ചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.