• Breaking News

    രാത്രി ജീവിതം ഉല്ലാസകരമാക്കാന്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങളെത്തുന്നു; കേരളസര്‍ക്കാരിന്റെ പുതിയ പദ്ധതി

    Nightlife centers to make nightlife fun New Scheme of Government of Kerala,www.thekeralatimes.com


    തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിശാ കേന്ദ്രങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പദ്ധതി അറിയിച്ചത്. രാത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉല്ലാസത്തിനായി ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

    ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    കേരളത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ നിശാ കേന്ദ്രങ്ങള്‍ക്ക് യോജിച്ചതാണെന്നും ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

    ചില സ്ഥലങ്ങളില്‍ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ഉണ്ട്. ഇവിടെ തികച്ചും സുരക്ഷിതവുമാണ്. ഇത്തരത്തിലുള്ള സംവിധാനം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ചില ഇടങ്ങളില്‍ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കായിരിക്കും ആദ്യ നിശാ കേന്ദ്രമായി മാറാന്‍ സാധ്യത എന്നും മുഖ്യമന്ത്രി അറിയിച്ചു.