ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ നിലയിൽ
കിളിമാനൂർ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ
പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പൈലിംഗ് ജോലിക്കെത്തിയ കരാർ തൊഴിലാളികൾ തമ്മിൽ മദ്യലഹരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ചെല്ലമണിയാണ് (40) കൊല്ലപ്പെട്ടത്.
വയനാട് സ്വദേശി നിതീഷിനെ (28) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ സംഘത്തിൽപ്പെട്ട തമിഴ്നാട് സ്വദേശികളായ മുരുകൻ, കൃഷ്ണൻ, ശിവപാലൻ എന്നിവരെ കിളിമാനൂർ പൊലീസ് പിടികൂടി.
സംഭവത്തെപ്പറ്റി പൊലീസ്
പറയുന്നതിങ്ങനെ സ്വകാര്യകരാറുകാരന്റെ കീഴിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്
ഇവർ.എറണാകുളം കളമശ്ശേരി പാതാളം കേന്ദ്രീകരിച്ച് വർഷങ്ങളായി കരാർ ജോലിയിലേർപ്പെട്ടിരുന്ന ഇവർ ഏതാനും ആഴ്ചമുമ്പാണ് കിളിമാനൂരിലെത്തിയത്.
ജോലി സ്ഥലത്ത് രാത്രിയിൽ ഇവരിൽ ചിലർ മദ്യപിക്കുന്ന പതിവുണ്ടായിരുന്നു. മദ്യപാനത്തിന്റെ ദൃശ്യങ്ങൾ ഇവരിലാരോ
മൊബൈൽ ഫോണിൽ പകർത്തി കരാറുകാരന് അയച്ചുകൊടുത്തതിനെചൊല്ലി ഇന്നലെ രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
പഞ്ചായത്തിന്റെ മുന്നിൽ എൻജിനീയറിംഗ് വിഭാഗത്തിന് സമീപം നിലത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
തലയ്ക്ക് പരിക്കേറ്റ നിലയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡിൽ അവശനിലയിൽ
നിതീഷിനെ കണ്ടെത്തിയ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ചെല്ലമണിയുടെ മൃതദേഹവും കണ്ടത്.
വിവരമറിഞ്ഞെത്തിയ കിളിമാനൂർ പൊലീസ് നിതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ തെരച്ചിലിൽ കിളിമാനൂർ ജംഗ്ഷനിൽ നിന്നും മുരുകൻ, കൃഷ്ണൻ, ശിവപാലൻ എന്നിവരെ പിടികൂടി.മൃതദേഹത്തിനടുത്തു നിന്നും ആഹാര അവശിഷ്ടങ്ങളും മദ്യക്കുപ്പിയും കണ്ടെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി

