ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ഇനി മൂന്നു വിഷയങ്ങള്‍ വരെ ഇംപ്രൂവ് ചെയ്യാം. തോറ്റ വിഷയത്തിന് സേ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ജയിച്ച വിഷയങ്ങളില്‍ ഇംപ്രൂവ് ചെയ്യാന്‍ അവസരം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത പഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മൂന്നു വിഷയങ്ങള്‍ വരെ ഇംപ്രൂവ് ചെയ്യാം.
തോറ്റ വിഷയത്തിന് സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആ വിഷയങ്ങള്‍ക്ക് പുറമേ മൂന്നു വിഷയങ്ങള്‍ കൂടി ഇംപ്രൂവ് ചെയ്യുന്നതിനും കഴിയും.
നിലവില്‍ ജയിച്ച ഒരു വിഷയത്തിന് മാത്രമേ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നുള്ളു. അതുപോലെ സേ പരീക്ഷ എഴുതുന്നവര്‍ക്ക് ജയിച്ച വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യുന്നതിന് അവസരമുണ്ടായിരുന്നില്ല.

