ജെ.എന്‍.യു വി.സിയെ പുറത്താക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി
ജെ.എന്‍.യു വി.സി ജഗദീഷ് കുമാറിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബി.ജെ.പി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാത്ത വി.സിയുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും എന്റെ അഭിപ്രായത്തില്‍ അത്തരമൊരു വിസിയെ ഈ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ഥികളും മാനവ വിഭവശേഷി മന്ത്രാലയവുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി നടത്തിയ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചു.
— Murli Manohar Joshi (@drmmjoshibjp) January 9, 2020സര്‍വകലാശാലയില്‍ വര്‍ദ്ധിപ്പിച്ച ഫീസ് പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം രണ്ടുതവണ വൈസ് ചാന്‍സലറെ ഉപദേശിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോഷി വി.സിക്കെതിരെ രംഗത്തെത്തിയത്.
നേരത്തെ ജെഎന്‍യു വിദ്യാര്‍ഥികളുടെ മാനവ വിഭവശേഷി മന്ത്രാലയവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ രാഷ്ട്രപതി ഭവനിലേക്ക് നടന്ന വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. വി.സി രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാതെ സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല. സമരം കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടി വി.സിക്കെതിരെ രംഗത്ത് വന്നതോടെ ബി.ജെ.പി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

