• Breaking News

    അഭിപ്രായസമന്വയമാണു ജനാധിപത്യത്തിന്റെ ജീവരക്തം; യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രണബ് മുഖർജി

    Consensus is the lifeblood of democracy; Pranab Mukherjee says youth protest strengthens democracy,www.thekeralatimes.com

    പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചു മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. യുവാക്കളടക്കം ഭരണഘടനയിൽ‍ വിശ്വാസമർപ്പിച്ചു പ്രതിഷേധിക്കാനിറങ്ങുന്നതു കാണുന്നതിൽ ഉത്സാഹമുണ്ടെന്ന് പ്രണബ് മുഖർജി വ്യക്തമാക്കി. വാദിക്കുന്നതും എതിർക്കുന്നതും മറ്റുള്ളവരെ കേൾക്കുന്നതും ജനാധിപത്യത്തെ കൂടുതൽ ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷൻ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് മുൻരാഷ്ട്രപതി എതിരഭിപ്രായം പരസ്യമാക്കിയത്.

    കഴിഞ്ഞ കുറച്ചുനാളുകളായി വൻതോതിൽ യുവാക്കളടക്കമുള്ളവർ പ്രതിഷേധിക്കുകയാണെന്ന ആമുഖത്തോടെയായിരുന്നു പ്രണബിന്റെ പരാമർശം. അഭിപ്രായസമന്വയമാണു ജനാധിപത്യത്തിന്റെ ജീവരക്തം. സമാധാനപരമായ ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും – അദ്ദേഹം പറഞ്ഞു. ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെന്നിന്റെ പേരിൽ കമ്മിഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രണബ്.

    നെഹ്റുവിന്റെ കാലത്തിനു ശേഷം, ഇന്ത്യയിൽ പട്ടാളഭരണം വരുമെന്നു പ്രവചിച്ചവരുണ്ട്. അതു തെറ്റാണെന്ന് ജനാധിപത്യ തിരഞ്ഞെടുപ്പുകളിലൂടെ തെളിയിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്കായി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ഒരിക്കലും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടരുത്.

    സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം, 16–18 ലക്ഷം ജനങ്ങൾക്ക് ഒരു എംപിയെന്ന രീതി മാറി ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്ന വിധത്തിൽ മണ്ഡല പുനർനിർണയം വേണം തുടങ്ങിയ നിർദേശങ്ങളും നൽകിയാണ് അദ്ദേഹം മടങ്ങിയത്.