‘നയന്‍താരയ്ക്ക് ആ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു’; വൈറലായി സംവിധായകന്റെ കുറിപ്പ്
തമിഴകത്ത് ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. നയന്‍സിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളില്‍ വിജയമായിരുന്നു. മലയാളത്തില്‍ നിന്ന് സിനിമയില്‍ അരങ്ങേറിയ നയന്‍താരയുടെ പേര് ഡയാന എന്നായിരുന്നു. സിനിമയ്ക്കായി നയന്‍താര എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, നയന്‍താരയ്ക്ക് ആ പേരിട്ടത് താനാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റോ പി.ആര്‍. ജോണ്‍ സോഷ്യല്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
ജോണ്‍ ടിറ്റോയുടെ കുറിപ്പ്….
2003… തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയന്‍താര…. ഞാന്‍ പറഞ്ഞു: നയന്‍താര ..
സാജന്‍സാര്‍ തലയാട്ടി…സ്വാമിനാഥന്‍ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ …
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.
ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.. ‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈക്കഥ പറയാമായിരുന്നു.
നടി മീരാ ജാസ്മിനെ എനിക്ക് കല്യാണം ആലോചിച്ച കഥ അടുത്ത ലക്കമെഴുതാം… വിടില്ല ഞാന്‍ …