• Breaking News

    കേരളത്തിനും പഞ്ചാബിനും പിറകേ സിഎഎക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

    Rajasthan passes resolution against CAA behind Kerala and Punjab,www.thekeralatimes.com

    കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ വ്യവസ്ഥകള്‍ തകര്‍ക്കുകയാണ്.

    പൗരത്വ നല്‍കുന്നതിനെ മാനദണ്ഡമാക്കുന്ന പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് അതിനാല്‍ ആവശ്യപ്പെടുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും നിയമങ്ങള്‍ക്ക് മുന്നില്‍ തുല്യരാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 31 ന് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. ഈ വിഷയത്തിൽ ജനുവരി 14 ന് കേരളം സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കി.

    കേരളത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സമാനമായി രാജസ്ഥാനിലും പ്രമേയം പാസായതോടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചേക്കും.