ഇറാഖിലേക്കുള്ള 110 പേരുടെ യാത്ര ഇന്ത്യൻ വ്യോമയാന വകുപ്പ് തടഞ്ഞു
മുംബൈ: ഇറാഖിലെ തീര്‍ത്ഥാടന സ്ഥലങ്ങളിലേക്ക് യാത്രതിരിച്ച 110 പേരെ വിമാനത്താവളത്തില്‍ വച്ച് വിലക്കി. ദാവൂദി ബോഹ്‌റ തീര്‍ത്ഥാടകരടക്കമുള്ളവരോടാണ് യാത്ര ഒഴിവാക്കാന്‍ എമിഗ്രേഷന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. പുലര്‍ച്ചെ 2.30 ന് പുറപ്പെടേണ്ട നജാഫിലേക്കുള്ള ഇറാഖ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ പുറപ്പെടേണ്ട യാത്രക്കാരെയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ തുടങ്ങിയ ശേഷം പെട്ടന്ന് അടിയന്തിരമായ നിര്‍ദ്ദേശം നല്‍കി യാത്ര റദ്ദാക്കിപ്പിച്ചത്.
ആദ്യത്തെ 5 പേരുടെ യാത്രാരേഖകള്‍ പരിശോധിച്ച് അവര്‍ക്കെല്ലാം ബോര്‍ഡിംഗ് പാസ്സ് നല്‍കിയ ശേഷമാണ് സുരക്ഷാപരമായ നിര്‍ദ്ദേശം വന്നത്. 110 യാത്രക്കാരാണ് ആകെ വിമാനത്തില്‍ പുറപ്പെടാനായി എത്തിയിരുന്നത്. അക്രമങ്ങള്‍ നടക്കുന്ന ഇറാന്‍- ഇറാഖ് മേഖലകളിലേക്ക് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഔദ്യോഗികമായവ ഒഴിച്ച് ബാക്കി എല്ലാ യാത്രകളും സര്‍ക്കാര്‍ വിലക്കിയ പശ്ചാത്തലത്തിലാണ് നടപടി.
ഇന്ത്യയുടെ വ്യോമയാന വകുപ്പ് ഇറാഖ് എയര്‍വേയ്‌സ് അധികൃതരോട് സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നിര്‍ദ്ദേശം വന്നതിനാലാണ് നടപടി ക്രമങ്ങള്‍ നിര്‍ത്തിവക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.