അങ്കണവാടി കുടുംബ സര്‍വേയ്ക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല; തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി
അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മന്ത്രി കെ.കെ. ശൈലജ. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്.
ഭവനസന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍വേ നടത്തുന്നതെന്നും ഈ സര്‍വേ യുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്. ഇതില്‍ ജാതിയോ മതമോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.