Friday, March 14.

അമേരിക്ക ഇറാന്‍ ജനതയ്‌ക്കൊപ്പം; പ്രക്ഷോഭം നിരിക്ഷിച്ചു വരികയാണെന്നും ട്രംപ്

keralatimestv


ഇറാനിലെ പ്രക്ഷോഭങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകാലത്തിന്റെ തുടക്കംമുതല്‍ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും തന്റെ ഭരണകൂടം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇറാനിലെ പ്രതിഷേധങ്ങള്‍ യുഎസ് നിരീക്ഷിക്കുകയാണെന്നും പ്രതിഷേധക്കാരുടെ ധൈര്യം തങ്ങള്‍ക്ക് പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അവിടെനിന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും നിരീക്ഷണം നടത്താനും മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും ഇറാന്‍ ഭരണകൂടത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനാകില്ലെന്നും ഇന്റര്‍നെറ്റ് നിരോധിക്കാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലോകം എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കഴിഞ്ഞദിവസം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് ഇറാന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന ഇറാന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 176 പേരാണ് വിമാനം തകര്‍ന്നുവീണ് കഴിഞ്ഞദിവസം മരണപ്പെട്ടത്.