കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ
കളിയിക്കാവിളയിൽ എഎസ്‌ഐ വിത്സനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
എഎസ്‌ഐ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് പ്രതികളിലൊരാളായ തൗഫീക്കിന്റെ ഫോണിലേക്ക് ഇവരുടെ കോൾ പോയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.
പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.
അതിനിടെ പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇരുവരെയും പിടികൂടാൻ കേരളത്തിലും തമിഴ്‌നാട്ടിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്.

