യുക്രൈന്‍ വിമാന ദുരന്തം: ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതെന്ന് യു.എസ്. മാധ്യമങ്ങള്‍; ദുരൂഹത തുടരുന്നു
ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ 176 പേരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം യുഎസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാമെന്ന് യുഎസ് മാധ്യമങ്ങള്‍. ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചിതാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. വിമാനവേധമിസൈല്‍ പതിച്ചോ, ആകാശത്തെ കൂട്ടിയിടിയിലോ, എന്‍ജിന്‍ പൊട്ടിത്തെറിച്ചോ, ഭീകരര്‍ വിമാനത്തില്‍ സ്‌ഫോടനം നടത്തിയോ ഉണ്ടായ അപകടമാണോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് യുക്രൈന്‍ അധികൃതരും അറിയിച്ചു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകം ഉണ്ടായ അപകടത്തെച്ചൊല്ലി ഇനിയും ആശങ്ക വിട്ടൊഴിയുന്നില്ല.
റഷ്യന്‍ നിര്‍മിത മിസൈലാണ് യുക്രെയ്ന്‍ വിമാനത്തിന് നേര്‍ക്ക് പതിച്ചതെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം തകര്‍ന്നു വീണതിനെ കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് യുകെയും കാനഡയും ആവശ്യപ്പെട്ടു. 63 കാനഡ പൗരന്മാരാണ് തകര്‍ന്ന യുക്രെയ്ന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്.
പറന്നുയര്‍ന്ന മിനിറ്റുകള്‍ക്കകമാണ് യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് ഇറാന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍.

