ദുരൂഹത തുടരുന്നു; ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സെനഗര്‍ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ ദുരൂഹതകള്‍ തുടരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ചികിത്സിച്ച ഡോക്ടറും ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ ആണ് മരിച്ചത്.
പെണ്‍കുട്ടിയുടെ അച്ഛനെ കുല്‍ദീപ് സെനഗറിന്റെ സഹോദരന്‍ അടക്കം അഞ്ച്‌പേര്‍ ആക്രമിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സിച്ചത് പ്രശാന്ത് ഉപാധ്യായായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ അച്ഛനെ ജയിലിലേക്ക് കൊണ്ടുപോയത്. അവിടെവെച്ചാണ് ഇയാള്‍ മരിച്ചത്.
കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വളരെക്കാലം കഴിഞ്ഞ് ഡോ. പ്രശാന്തിനെ ഫത്തേപൂരില്‍ നിയമിക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് നാളെ ഒരു വാദം തിസ് ഹസാരി കോടതിയില്‍ നടക്കാനിരിക്കെയാണ് ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതെന്നും ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു.

