അടിച്ചമര്‍ത്തപ്പെട്ട ഓരോ പാകിസ്ഥാന്‍ അഭയാര്‍ഥിക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുവരെ വിശ്രമിക്കുകയില്ല: അമിത് ഷാ
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. അടിച്ചമര്‍ത്തപ്പെട്ട ഓരോ പാകിസ്ഥാന്‍ അഭയാര്‍ഥിക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുവരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പുരില്‍ വെച്ചു നടന്ന ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാകിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതുവരെ നമുക്ക് വെറുതെയിരിക്കാനാവില്ല. എനിക്കും നിങ്ങള്‍ക്കുമുള്ളതു പോലെതന്നെയുള്ള അവകാശം പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഉള്ള അതേ അവകാശങ്ങള്‍ ഇന്ത്യയിലുണ്ട്’- അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധിയെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അമിത് ഷാ വെല്ലുവിളിച്ചു. ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്നതാണ് പൗരത്വ ഭേദഗതി നിയമമെങ്കില്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അത് തെളിയിച്ച് കാണിച്ചുതരണമെന്നാണ് അമിത് ഷാ പറഞ്ഞു.