കാട്ടുതീ; വിശന്നു വലഞ്ഞ മൃഗങ്ങൾക്ക് ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ച് പ്രവർത്തകർ
ഓസ്‌ട്രേലിയൻ കാട്ടുതീയെ തുടർന്ന് ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ച് ഒട്ടേറെ ജീവജാലങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. കാട്ടു തീയിൽ നിന്ന് രക്ഷപ്പെട്ട വന്യജീവികള്‍ക്ക് ഭക്ഷിക്കാനുള്ള ഭക്ഷണമൊക്കെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വന്യജീവികള്‍ക്ക് ഹെലികോപ്റ്ററിൽ നിന്ന് ഭക്ഷണം വിതറി ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.
ആയിരക്കണക്കിന് കിലോ ക്യാരറ്റും മധുരകിഴങ്ങുകളുമാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് വന്യജീവികള്‍ക്ക് പച്ചക്കറികള്‍ ഇട്ടുകൊടുക്കുന്ന ചിത്രം ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തു. ‘ദേശീയ ഉദ്യാനത്തിലെ ജീവനക്കാര്‍ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുക്കുന്നു’ എന്ന തലക്കെട്ടൊടെയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. ‘സന്തുഷ്ടരായ ഉപഭോക്താക്കള്‍’ എന്ന തലക്കെട്ടൊടെ പച്ചക്കറികള്‍ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പടർന്നുപിടിച്ച കാട്ടുതീയിൽ 50 കോടിയോളം മൃഗങ്ങളാണ് വെണ്ണീറായത്. ഓസ്ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കൊവാലകളും ഉള്‍പ്പെടെയുള്ളവയ്ക്കാണ് ജീവന്‍ നഷ്‍ടമായത്.