• Breaking News

    നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

    Arrest warrant issued against actor Kunchacko Boban,www.thekeralatimes.com

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹണി എം.വര്‍ഗീസ് ജാമ്യത്തോടു കൂടിയ വാറന്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച് നാലിന് അദ്ദേഹം ഹാജരാകണം.

    കുഞ്ചാക്കോ ബോബന്‍ അടക്കം മൂന്ന് പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 14 ഉം 15 ഉം സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി. എന്നാല്‍, സംയുക്ത വര്‍മയെ വിസ്തരിക്കുന്നത് ഒഴിവാക്കി. ഇരുവരോടും ചോദിക്കാനുള്ളത് സമാന കാര്യങ്ങളായതിനാലാണ് ഗീതുമോഹന്‍ദാസിനെ മാത്രം വിസ്തരിച്ചത്. 11 മുതല്‍ 1.30 വരെയും 2.30 മുതല്‍ 4.15 വരെയുമാണ് ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത്.

    ഇന്ന് വിസ്തരിക്കാനിരുന്ന സംവിധായകന്‍ ശ്രീകുമാര മേനോനെയും വിസ്തരിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഇനി മാര്‍ച്ച് നാലിനാവും വിചാരണ തുടരുക. അന്നേ ദിവസം, കുഞ്ചാക്കോ ബോബനെ കൂടാതെ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയാവും വിസ്തരിക്കുക.