യോഗി സർക്കാരിനെ മാതൃകയാക്കി ഡൽഹി പൊലീസ്; കലാപത്തിൽ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് ഈടാക്കാൻ നീക്കം
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെ മാതൃകയാക്കി ഡൽഹി പൊലീസ്. ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിക്രമങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡല്‍ഹി പൊലീസിന്റെ നടപടി. ഡൽഹി കലാപത്തിൽ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് ഈടാക്കാൻ നീക്കം. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളിൽ നഷ്ടമുണ്ടായെന്നാണ് കരുതുന്നത്.
ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍, സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് പൊലീസിന്റെ തീരുമാനം. പിഴ ഈടാക്കുന്നതിന് പുറമെ, ഇവരുടെ സ്വത്ത് കണ്ടുകെട്ടിയും ഈ നഷ്ടപരിഹാരം പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
തീവെപ്പും, കൊള്ളയും, മറ്റ് തരത്തില്‍ നാശനഷ്ടങ്ങളും വരുത്തിയ ആളുകളെ തിരിച്ചറിയാനുള്ള ചുമതല പ്രത്യേക അന്വേഷണ സംഘത്തിനാണ്. ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും, പ്രാദേശിക പൊലീസും നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പ്രാദേശിക അധികൃതർക്ക് നിര്‍ദ്ദേശം നല്‍കി. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പവര്‍ കമ്ബനി ബിഎസ്‌ഇഎസ് എന്നിവരോട് നഷ്ടങ്ങള്‍ കണക്കാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ചുരുങ്ങിയത് 1000 കലാപകാരികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 630 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പ്രാദേശിക ക്രിമിനലുകളും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്ഥിതിഗതികള്‍ പ്രയോജനപ്പെടുത്തി ജാഫ്രാബാദ്, കാരാവാള്‍ നഗര്‍, മൗജ്പൂര്‍, ഭജന്‍പുര തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിട്ടതായാണ് വിലയിരുത്തൽ.

