കൊറോണ വൈറസ്; ആഗോള അപകടമായി മാറിയെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ബാധ ആഗോള അപകടമായി മാറിയെന്ന് ലോകാരോഗ്യ സംഘടന . ചൈനിയില്‍ നിന്ന് കൊറോണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചത്.
അതിനിടെ വൈറസ് ബാധ ലോകത്താകെ പടര്‍ന്ന് പിടിച്ചതോടെ ആഗോള സാമ്പത്തിക അവസ്ഥ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ആഗോള ഓഹരി വിപണി കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത നഷ്ടത്തിലാണ് അവസാനിക്കുന്നത്.
വൈറസ് ബാധ മൂലം ഇതുവരെ 2800 പേരാണ് മരണപ്പെട്ടത്. ഇറാനില്‍ മാത്രം മരണപ്പെട്ടവരുടെ എണ്ണം 210 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ പുതിയ രോഗികളുടെ എണ്ണം ആപേക്ഷിക കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലുള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് രോഗം അതിവേഗം പടര്‍ന്ന് പിടിക്കുന്നതാണ് ആശങ്ക വര്‍ധിക്കുന്നത്. ഏറ്റവും അവസാനം രോഗം റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളില്‍ നാലില്‍ മൂന്നും ചൈനക്ക് പുറത്താണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കയിലും ആദ്യമായി ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധ മൂലമുള്ള മരണനിരക്ക് ഉയര്‍ന്നതോടെ ഇറാന്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വൈറസ് ബാധ തടയാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.