ലൈഫ് മിഷന്‍ വഴി രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പ്രഖ്യാപനം നടത്തുന്നത്. അതേസമയം പദ്ധതിയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിക്കും.
ലൈഫ് മിഷന്‍ വഴി 2,14,144 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ലൈഫ് നിര്‍മ്മിച്ച കരകുളം ഏണിക്കരയിലെ വീട് രാവിലെ 8.30ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വൈകിട്ട് പുത്തിരിക്കണ്ടത്ത് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങില്‍ ലൈഫ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കും.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്.20 മുതല്‍ 60 ശതമാനം വരെ വില കുറച്ചാണ് ഇലക്ട്രിക്കല്‍ വയറിംഗ് പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.