• Breaking News

    കൈക്കൂലിയില്‍ മുങ്ങി രാജ്യത്തെ റോഡുകള്‍; ട്രക്ക് ഡ്രൈവര്‍മാരും ഉടമകളും ഒരു വര്‍ഷം നല്‍കുന്ന കൈക്കൂലി 48000 കോടി രൂപ

    Roads covered by bribery; 48,000 crores a year as bribes for truck drivers and owners,www.thekeralatimes.com

    രാജ്യത്തെ റോഡുകളില്‍ നിന്ന് മാത്രം ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റുന്നത് കോടികള്‍. ഡ്രൈവര്‍മാരും ഉടമകളും ഒരു വര്‍ഷം നല്‍കുന്ന കൈക്കൂലി ഏകദേശം 48000 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ട്. സേവ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

    ട്രാഫിക് പോലീസ്, ഹൈവേ പോലീസ്, നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ട്രക്ക് ഡ്രൈവര്‍മാരില്‍ നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട പത്ത് കേന്ദ്രങ്ങളിലായിരുന്നു സേവ് ലൈഫ് ഫൗണ്ടേഷന്റെ പഠനം. ഇവരുടെ സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും തങ്ങള്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി നല്‍കിയത്. 1217 ട്രക്ക് ഡ്രൈവര്‍മാരും 110 വാഹന ഉടമകളും സര്‍വേയില്‍ പങ്കെടുത്തതായും സേവ് ലൈഫ് ഫൗണ്ടേഷന്റെ പഠനത്തെ ആസ്പദമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

    ഒരു ട്രിപ്പില്‍ ഒരു ട്രക്ക് ഡ്രൈവര്‍ ശരാശരി 1257 രൂപ കൈക്കൂലിയായി നല്‍കുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഗുവാഹത്തി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാരാണ് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്നത്. തൊട്ടുപിന്നാലെ ചെന്നൈയിലെയും ഡല്‍ഹിയിലെയും ഡ്രൈവര്‍മാരുണ്ട്. പോലീസിന് പുറമേ മോട്ടോര്‍ വാഹന വകുപ്പാണ് ട്രക്ക് ഡ്രൈവര്‍മാരില്‍നിന്ന് വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന മറ്റൊരുവിഭാഗം. ബെംഗളൂരുവിലും ഗുവാഹത്തിയിലും മോട്ടോര്‍വാഹന വിഭാഗം ഉദ്യോഗസ്ഥരാണ് കൈക്കൂലി വാങ്ങുന്നവരില്‍ മുമ്പില്‍.

    റോഡിലെ കൈക്കൂലിക്ക് പുറമേ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കൈക്കൂലിയായി നല്‍കുന്നത്.