പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്നെ നിഥിനും ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു; വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ യുവാവിന് പങ്കില്ലെന്ന് സൂചന; നിഥിന്റെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ച ശരണ്യയ്ക്കും അബദ്ധം പറ്റി
കണ്ണൂര്‍: ഒന്നരവയസുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസിൽ ശരണ്യയുടെ കാമുകന്‍ നിഥിൻ അറസ്റ്റില്‍. ശരണ്യയും നിഥിനും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. നിഥിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടി ഇരുവരും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ഭര്‍തൃ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതും നിഥിന് നൽകിയെന്നാണ് സംശയം.
ശരണ്യയുടെത് പ്രണയവിവാഹമായിരുന്നു. ഫേസ്ബുക്ക് വഴിയാണ് പ്രണവ് ശരണ്യയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നത്. പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്നെ നിഥിനും ശരണ്യയെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇത് കേട്ട ശരണ്യ നിഥിനോട് ഫേസ്ബുക്കിലൂടെ ഇക്കാര്യം അന്വേഷിക്കുകയും ചെയ്‌തിരുന്നു.തുടർന്ന് നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. നിഥിന്റെ സ്നേഹം ആത്മാർത്ഥമാണെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാൽ ഇയാൾക്ക് മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കില്‍ ഇയാള്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തും.

