• Breaking News

    കൊറോണ അമേരിക്കയിലും; വാഷിംഗ്ടണില്‍ ആദ്യ മരണം

    Corona is also in the US; First death in Washington,www.thekeralatimes.com

    കൊറോണ ബാധിച്ച് അമേരിക്കയിലും ഒരാള്‍ മരിച്ചു. ഇറ്റലിയിലും ദക്ഷിണ കൊറിയയിലും മരണ സംഖ്യ ഉയരുകയാണ്. ലോകത്ത് ആകെ 2,944 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. സാമ്പത്തിക രംഗത്തും കനത്ത ആഘാതമാണ് കൊറോണ വൈറസ് ബാധമൂലം ഉണ്ടായിരിക്കുന്നത്.

    തലസ്ഥാനമായ വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. 50 വയസിലധികം പ്രായമായ സ്ത്രീയാണ് മരിച്ചത്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ മരണത്തിന്റെ സാഹചര്യത്തില്‍ അമേരിക്ക മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

    ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേക്കും യാത്ര ചെയ്യുന്നതില്‍ നിന്ന് പൌരന്മാരെ വിലക്കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇറാനിലേക്കും അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ കൊറോണ മരണം 2835 ആയി, ഇറ്റലിയില്‍ 29ഉം ദക്ഷിണ കൊറിയയില്‍ 17 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. 61ഓളം രാജ്യങ്ങളിലായി എണ്‍പത്തയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

    ആഗോള ഓഹരി വിപണിയിലും കനത്ത ഇടിവാണ് കൊറോണ ബാധയെത്തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. കൊറോണ ഭീക്ഷണിയെ തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബെര്‍ലിന്‍ ജര്‍മ്മനി റദ്ദാക്കി. ഇതാദ്യമായാണ് ജര്‍മ്മനി ഐടിബി ബെര്‍ലിന്‍ റദ്ദാക്കുന്നത്.