തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തു; തടയാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തു. രാത്രി റവന്യു ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് മണ്ഡപം സീല്‍ ചെയ്തു. കെട്ടിടം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
1976ല്‍ ഭൂമി നല്‍കിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ്. എന്നാല്‍ ഇപ്പോള്‍ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീര്‍ത്ഥപാദമണ്ഡപം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്. സൊസൈറ്റിക്ക് കൊടുത്ത ഭൂമി ട്രസ്റ്റിന് കൈമാറാന്‍ അവകാശമില്ല.
മണ്ഡപം സ്ഥിതി ചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കനിവാരണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഉത്തരവിന് പിന്നാലെ കെട്ടിടം ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു, ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തേയും രണ്ട് തവണ സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തതാണ്. വിദ്യാധിരാജ സഭ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച് വീണ്ടും പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. വിദ്യാധിരാജ സഭയുടെ വിശദീകരണം കേട്ട ശേഷമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. സഭയുടെ കൈയ്യിലിരുന്ന 65 സെന്റ് സ്ഥലത്ത് ചട്ടമ്പി സ്വാമി സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനം 10-ാം തിയതി മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഏറ്റെടുക്കല്‍ എന്നതും ശ്രദ്ധേയമാണ്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാധിരാജസഭയുടെ തീരുമാനം

