• Breaking News

    ഡല്‍ഹി കലാപം: വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരും; നഷ്ടപരിഹാരം ഇന്ന് മുതല്‍ നല്‍കുമെന്നും സര്‍ക്കാര്‍

    Delhi riots: Homeless abandoned The government will pay compensation from today,www.thekeralatimes.com

    വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിരയായവര്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം നല്‍കി തുടങ്ങും. 25,000 രൂപ വീതം അടിയന്തര സഹായമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ 69 അപേക്ഷകളേ കലാപബാധിതരില്‍ നിന്ന് കിട്ടിയിട്ടുള്ളു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

    കലാപത്തില്‍ തകര്‍ന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഇരകളായാവരുടെ വീടുകളില്‍ നേരിട്ടെത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാര്‍ വിവരങ്ങള്‍ ശേഖരിക്കും. കേന്ദ്രസേനയെ വിന്യസിച്ചതിന് ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

    കലാപ ബാധിത മേഖലകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയില്‍ തുടങ്ങിയിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിന്ന് നീക്കി തുടങ്ങി. റോഡുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. കടകള്‍ തുറക്കുകയും വാഹനങ്ങള്‍ ഓടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. വീട് നഷ്ടമായവരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കലാപത്തില്‍ 500 റൗണ്ട് വെടിവയ്പ് നടന്നുവെന്ന നിഗമിനത്തിലാണ് ഡല്‍ഹി പൊലീസ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും വെടിയേറ്റിട്ടുണ്ടെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍. വെടിയേറ്റതിന്റെ പരിക്കുമായി 82 പേര്‍ ചികിത്സയിലാണ്.

    പുറത്ത് നിന്നുള്ളവരും കലാപത്തില്‍ പങ്കെടുത്തെന്ന് പൊലീസ് വ്യക്തമാക്കുന്നു. മീറററ്, ഗാസിയബാദ്, ബാഗ്പത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വാട്‌സ് ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ട്.