മാധ്യമ പ്രവർത്തകന്റെ ഭാര്യയെ ഉപദ്രവിച്ചതിന് ഉത്തർപ്രദേശിലെ മതനേതാവ് ദേവ്കി നന്ദന് എതിരെ കേസ്
ഉത്തർപ്രദേശിലെ മഥുരയിൽ ഒരു പ്രാദേശിക പത്രപ്രവർത്തകന്റെ ഭാര്യയെ പീഡിപ്പിച്ചതിന് ആത്മീയ ഗുരുവിനും ( ‘കഥവാചക്’ -മതപരമായ കഥ പറയുന്നയാൾ) മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തു.
ഫെബ്രുവരി 24- നാണ് മതനേതാവും ആത്മീയ ഗുരുവുമായ ദേവ്കി നന്ദൻ താക്കൂർ ഉൾപ്പെടെ ആറ് പേർ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ച് കയറി അധിക്ഷേപിക്കാൻ തുടങ്ങിയത്.
ആത്മീയ ഗുരുവുമായി ബന്ധപ്പെട്ടുള്ള ചില വീഡിയോ തന്റെ പക്കൽ ഉണ്ടെന്നും അത് കൈക്കലാക്കാനാണ് അവർ എത്തിയെതെന്നും മാധ്യമ പ്രവർത്തകൻ അവകാശപ്പെട്ടു. അവർ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും തങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക്, ഡോക്യുമെന്ററി തെളിവുകളും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും റിഫൈനറി സർക്കിൾ ഓഫീസർ വരുൺ കുമാർ സിംഗ് പറഞ്ഞതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.

