അറിഞ്ഞോ, തിരുവനന്തപുരം ഡിവിഷന്റെ കണ്ണായ ഭാഗങ്ങള്‍ കൊണ്ടുപോകാന്‍ തമിഴ്‌നാട് നീക്കം തുടങ്ങി
തിരുവനന്തപുരം റയില്‍വേ ഡിവിഷന്റെ തന്ത്രപ്രധാനമായ ഭാഗം വിഭജിച്ച് മധുര ഡിവിഷനോട് ചേര്‍ക്കാന്‍ നീക്കം തുടങ്ങി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ റയില്‍പാത മധുര ഡിവിഷനുമായി സംയോജിപ്പിക്കാനുള്ള നീക്കമാണ് റെയില്‍വെ മന്ത്രാലയം നടത്തുന്നത്. തിരുവനന്തപുരം ഡിവിഷന്റെ ഈ കണ്ണായ ഭാഗം വെട്ടിമുറിച്ച് മധുര ഡിവിഷനോട് ചേര്‍ക്കുമ്പോള്‍ പകരം മധുര ഡിവിഷന്റെ കീഴില്‍ വരുന്ന കൊല്ലം ചെങ്കോട്ട പാതയിലെ പുനലൂര്‍ വരെയുള്ള 80 കിലോമീറ്റര്‍ തിരുവനന്തപുരം ഡിവിഷന് നല്‍കും.
തിരുവനന്തപുരം ഡിവിഷന് അര്‍ഹമായ ഈ ഭാഗം ന്യായമായും വിട്ടുതരുന്നതിന് പകരമാണ് ഏറെ പ്രാധാന്യമുള്ള നേമം – തിരുനല്‍വേലി പാത കൈമാറാന്‍ കേരളം നിര്‍ബന്ധിതമാകുന്നത്. നേമം മുതല്‍ തിരുനെല്‍വേലി വരെ മധുര ഡിവിഷനിലേക്ക് മാറ്റുമ്പോള്‍ തിരുവനന്തപുരം ഡിവിഷന്റെ പ്രസക്തിയാണ് ഇതോടെ നഷ്ടമാകുന്നത്.
അതേസമയം ഈ നീക്കത്തിനെതിരെ കേരള എംപിമാര്‍ ഇപ്പോഴും നിശബ്ദത പാലിക്കുക തന്നെയാണ്. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയിന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള ഭാഗം മധുരയോട് ചേര്‍ക്കുന്ന കാര്യം തമിഴ്‌നാട്ടില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ശക്തമായി ഉന്നയിച്ചിരുന്നു. ആവശ്യം റെയില്‍ മന്ത്രാലയം പരിഗണനയ്‌ക്കെടുത്തതോടെയാണ് ഈ ഭാഗം മധുര ഡിവിഷന് കീഴിലാകാനുള്ള സാധ്യത തെളിഞ്ഞത്.

