‘തിരിച്ചു വരവിനെ കുറിച്ച് ചോദ്യങ്ങള്‍ വേണ്ട’; പാര്‍ട്ടി നേതൃത്വത്തിലേക്കില്ല, നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ രംഗത്ത്. ഡല്‍ഹി കലാപം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ രാഹുലിന്റെ അഭാവം ചര്‍ച്ചയായ വേളയിലാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കിയത്.
‘നേതൃത്വപരമായ വിഷയത്തില്‍ എന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇതു സംബന്ധിച്ച് നേരത്തെ കത്ത് നല്‍കുകയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദ്യങ്ങള്‍ വേണ്ട’- രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെയാണ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ രാജി വച്ചത്. തുടര്‍ന്ന് സോണിയാ ഗാന്ധി താല്‍ക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ സോണിയ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ തന്നെ പൂര്‍ണസമയ പ്രവര്‍ത്തനം നടത്തുന്ന അദ്ധ്യക്ഷയെയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് ആവശ്യം.
ഗാന്ധി കുടുംബത്തിനു പുറത്തുനിന്നും അദ്ധ്യക്ഷന്‍ വേണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചിരുന്നത്.

