• Breaking News

    ‘മോദിക്ക് പൗരത്വ രേഖയുടെ ആവശ്യമില്ല, അദ്ദേഹം ജന്മനാ ഇന്ത്യന്‍ പൗരനാണ്’; വിവരാവകാശ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി

    Modi does not need a citizenship document; he is a naturalized Indian citizen; Reply to PM's Office for RTI application,www.thekeralatimes.com

    പ്രധാനമന്ത്രിക്ക് പൗരത്വ രേഖയുടെ ആവശ്യമില്ലെന്ന് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സുഭന്‍കര്‍ സര്‍ക്കാര്‍ എന്നയാള്‍ വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു ഇതിന് പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.

    ‘1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്നനുസരിച്ച് ജന്മനാതന്നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പൌരത്വ രേഖയുണ്ടോ എന്ന ചോദ്യമുദിക്കുന്നില്ല”. ഇതായിരുന്നു മറുപടി”. വലിയ വിമര്‍ശനമാണ് ഈ മറുപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

    1955ലെ പൌരത്വ നിയമമനുസരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പൗരത്വ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അതെന്തിനാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമി പാഷ ട്വീറ്റ് ചെയ്തു.

    പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യമെമ്പാടും പ്രക്ഷോഭങ്ങളുയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇത്തരമൊരു മറുപടി വരുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.