• Breaking News

    പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്; ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനവുമായി കാനം

    Do not try to assume the baby's right by name; BJP and Congress criticize,www.thekeralatimes.com

    സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന്  കാനം പ്രതികരിച്ചു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണ് നൽകിയത്. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ലൈഫ് പദ്ധതിയില്‍ അവകാശവാദമുന്നയിച്ച് ബിജെപിയും പ്രതിപക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരൻറെ ആരോപണം. ലൈഫ് സംസ്ഥാന സർക്കാരിന്‍റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും കേന്ദ്ര സർക്കാരിൽ നിന്നുള്ള  വിഹിതം വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

    പിണറായി സര്‍ക്കാരിന്‍റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും രംഗത്തെത്തി. ലൈഫ് മിഷൻ പദ്ധതിയിൽപ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്‍റെ മിടുക്കല്ലെന്നും പിണറായി സർക്കാർ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സർക്കാർ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല  ആരോപിച്ചു.