ഉദ്ധവ് താക്കറെയുടെ ഭാര്യ ശിവസേനയുടെ മുഖപത്രം സാമ്നയുടെ പുതിയ എഡിറ്റർ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ “സാമ്ന” ഗ്രൂപ്പിന്റെ പുതിയ എഡിറ്ററായി തിരഞ്ഞെടുത്തു. പ്രബോധൻ പ്രകാശൻ നടത്തുന്ന സാമ്ന ഗ്രൂപ്പിൽ പ്രധാന ദിനപത്രങ്ങളായ ‘സാമ്ന’, ‘ദോപഹർ കാ സാമ്ന’ എന്നിവ ഉൾപ്പെടുന്നു, ഇവയെ ശിവസേനയുടെ ഔദ്യോഗിക മുഖപത്രമായാണ് പരിഗണിക്കുന്നത്.
ഗ്രൂപ്പ് പ്രസാധകനായ രാജേന്ദ്ര എം. ഭഗവത് ഞായറാഴ്ചയാണ് പത്രത്തിലൂടെ ഈ അറിയിപ്പ് നൽകിയത്. സുഭാഷ് ആർ ദേശായി, ലീലാധർ ബി ഡേക്ക് എന്നിവരാണ് ട്രസ്റ്റിമാർ.
എന്നിരുന്നാലും, താക്കറെ കുടുംബത്തിന്റെ വിശ്വസ്തനും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് എഡിറ്ററായി തുടരും, കൂടാതെ പത്രത്തിൽ എഴുതുന്നത് തുടരുകയും ചെയ്യും.
മറാത്തിയിലുള്ള മൾട്ടി എഡിഷനായ ‘സാമ്ന’ 1983 ജനുവരി 23 ന് സ്ഥാപിച്ചപ്പോൾ അന്തരിച്ച ബാൽ താക്കറെയായിരുന്നു പത്രാധിപർ, ഹിന്ദിയിലുള്ള ‘ദോപഹർ കാ സമാന’ 1993 ഫെബ്രുവരി 23 ന് ആരംഭിച്ചു.

