• Breaking News

    'ഞങ്ങള്‍ക്ക് മേല്‍ വളരെയധികം സമ്മര്‍ദ്ദമുണ്ട്; ഇത് തടയാന്‍ ഞങ്ങളെ കൊണ്ട് സാധിക്കില്ല'; വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി

    'We have a lot of pressure on us; We cannot prevent this'; SC to hear petition against BJP leaders in hate speech,www.thekeralatimes.com

    ന്യൂഡൽഹി: ഡൽഹി കലാപത്തിലേക്ക് വഴിവെക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണവുമായി കോടതി.

    ഇത്തരം കലാപങ്ങള്‍ തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നും ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് വരാറുള്ളതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

    ”എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണ്. സുപ്രീം കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വായിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയില്ല. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് വരാറുള്ളത്’, ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

    ഹരജിയില്‍ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഹരജി സമര്‍പ്പിച്ചത്.

    പ്രതിദിനം പത്തോളം പേര്‍ മരിക്കുന്ന ഒരു സംഭവത്തില്‍ എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗോണ്‍സാല്‍വസ് വാദിച്ചു.

    ”ഇന്നലെ രാത്രി മാത്രം ആറോ ഏഴോ പേരാണ് മരണപ്പെട്ടത്, അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പിക്കുന്ന ചിലയാളുകള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം, അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമായിരുന്നു സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് കോടതി ബുധാനാഴ്ച പരിഗണിക്കും.

    ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും വിദ്വേഷ പ്രസംഗങ്ങളാണ് ഡൽഹി കലാപത്തിലേക്ക് വഴിയൊരുക്കിയതെന്നും ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസെടുക്കണമെന്നുമുള്ള ഹര്‍ഷ് മന്ദറിന്റെ ഹരജി കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

    ഡൽഹി കലാപത്തിലേക്ക് വഴിവെക്കുന്ന രിതിയിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ ഡൽഹി പൊലീസിന് നാല് ആഴ്ച സമയം നല്‍കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡൽഹി ഹൈക്കോടതിയുടെ ബെഞ്ച്.

    കപില്‍ മിശ്ര അടക്കമുള്ള നേതാക്കളുടെ വീഡിയോകള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് ഹാജരാക്കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

    കേസില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യവും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

    വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ കേസെടുക്കുന്നതിലൂടെ ഡൽഹിയിലെ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നുമായിരുന്നു ഡൽഹി പൊലീസിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചത്.

    പൗരത്വ നിയമപ്രശ്നത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഡൽഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ബുധനാഴ്ച ജസ്റ്റിസ് മുരളീധര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

    പ്രസംഗങ്ങള്‍ കേട്ടില്ലെന്ന് കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് എസ് മുരളീധര്‍ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.