വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചു; നിലപാട് വ്യക്തമാക്കാതെ വ്യോമയാനമന്ത്രാലയം
ആഭ്യന്തര- അന്താരാഷ്ട്ര യാത്രകൾക്കുള്ള ടിക്കറ്റ് ബുക്കിങ് രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾ പുനഃരാരംഭിച്ചു. കോവിഡ് ലോക്ഡൗൺ അവസാനിച്ചുകൊണ്ടുള്ള നിർദേശം ലഭിക്കുന്നതുവരെ ടിക്കറ്റ് ബുക്കിങ് പാടില്ലെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. ഇതു മറികടന്നാണ് വിമാനക്കമ്പനികളുടെ നടപടി.
സ്പൈസ് ജെറ്റ്, ഗോ എയർ കമ്പനികള്‍ മേയ് 16 മുതലും ഇൻഡിഗോയും വിസ്താരയും ജൂൺ ഒന്നു മുതലുമുള്ള യാത്രകൾക്കാണ് ടിക്കറ്റ് നൽകുന്നത്. അതേസമയം, പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യ ഇതുവരെ ബുക്കിങ് പുനഃരാരംഭിച്ചിട്ടില്ല.
ശനിയാഴ്ച വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ കേന്ദ്രസർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമയാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി രംഗത്തെത്തിയത്. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കുന്നതിന് ഇപ്പോൾ വ്യോമയാന മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.